National
ന്യൂഡല്ഹി: ജോലി വാഗ്ദാനം ചെയ്തു 11 ലക്ഷം രൂപ തട്ടിയെടുത്തശേഷം ഇന്ത്യന് യുവതിയെ പോര്ച്ചുഗലിലെ ബിയര് കടയുടമയ്ക്കു വിറ്റതായി പരാതി.
പൂനയിലെ വിദേശ റിക്രൂട്ടിംഗ് സ്ഥാപനമാണ് നാഗ്പുര് സ്വദേശിയായ 28കാരിയെ വഞ്ചിച്ചത്. പോര്ച്ചുഗലിലെത്തിയ യുവതിയുടെ പാസ്പോര്ട്ട് പിടിച്ചെടുത്ത് തടങ്കലിലാക്കിയെന്നും പരാതിയുണ്ട്.
ഇന്സ്റ്റഗ്രാം വഴി കഴിഞ്ഞമാസമാണു യുവതി പൂനയിലെ വി മൈഗ്രേറ്റ് എന്ന കണ്സള്ട്ടന്സിയെക്കുറിച്ച് അറിയുന്നത്. പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തില് പോര്ച്ചുഗലില് കാഷ്യറായി ജോലി നല്കാമെന്ന് ഏജന്സിക്കാര് വാഗ്ദാനം ചെയ്തു. ദിവസം എട്ടു മണിക്കൂര് ജോലി ചെയ്താല് മതിയെന്നും അവര് പറഞ്ഞുവെന്ന് യുവതി വ്യക്തമാക്കി.
യൂറോപ്പിലേക്കുള്ള വീസയ്ക്കും മറ്റു രേഖകള്ക്കുമുള്ള ചെലവുകളെന്ന പേരില് പലഘട്ടങ്ങളിലായി തട്ടിപ്പുകാര് യുവതിയില്നിന്ന് 11 ലക്ഷം രൂപ കൈക്കലാക്കി.
പോര്ച്ചുഗലില് എത്തിയയുടന് ഏജന്റുമാര് യുവതിയുടെ പാസ്പോര്ട്ട് പിടിച്ചെടുത്ത് രണ്ടു ദിവസം ഒരു മുറിയില് തടങ്കലില് വച്ചു. തുടര്ന്ന് യുവതിയെ ഒരു ബിയര് ഷോപ്പ് ഉടമയ്ക്കു വില്ക്കുകയായിരുന്നു.
കടയില് യുവതിയെക്കൊണ്ട് നിര്ബന്ധിതമായി ജോലി ചെയ്യിപ്പിച്ചു. മാനസികവും ശാരീരികവുമായ കടുത്ത പീഡനങ്ങള്ക്ക് ഇരയാക്കിയെന്നും പരാതിയുണ്ട്. പാസ്പോര്ട്ട് തിരികെ നല്കാന് ഏജന്സി കൂടുതല് പണം ആവശ്യപ്പെടുകയും ചെയ്തു.
ഒരു മാസത്തോളം നീണ്ട പീഡനത്തിനൊടുവില് സ്വയം രക്ഷപ്പെടുകയായിരുന്നു. ആദ്യം ബസില് ലിസ്ബണിലേക്കും പിന്നീട് മാഡ്രിഡിലേക്കും യുവതി രക്ഷപ്പെട്ടു. അവിടെനിന്നു ദോഹ വഴിയാണ് ഇന്ത്യയില് മടങ്ങിയെത്തിയത്.
ഇന്ത്യയിലെത്തിയശേഷം മാള്ട്ടയില് ജോലി വാഗ്ദാനം ചെയ്ത് വീണ്ടും മൂന്നു ലക്ഷം രൂപ ഏജന്സി ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചപ്പോള് ഭര്ത്താവിനെ കൊല്ലുമെന്നും തന്നെ കള്ളക്കേസുകളില് കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പോലീസില് നല്കിയ പരാതിയില് പറയുന്നു.
മനുഷ്യക്കടത്ത്, തട്ടിപ്പ്, ഭീഷണിപ്പെടുത്തി പണം തട്ടല് എന്നീ കുറ്റങ്ങള് ചുമത്തി സ്വകാര്യ റിക്രൂട്ടിംഗ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരുള്പ്പെടെ എട്ടുപേര്ക്കെതിരേ പൂന പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്ക്കായി തെരച്ചില് തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Sports
ടെക്സസ്: പോര്ച്ചുഗല് പുരുഷ ദേശീയ ഫുട്ബോള് ടീമിന്റെ മുഖ്യപരിശീലക റോളില്നിന്ന് റോബര്ട്ടോ മാര്ട്ടിനെസ് പടിയിറങ്ങി.
2026 ലോകകപ്പ് പ്രീക്വാര്ട്ടറില് സ്പെയിനിനോട് 1-0നു പോര്ച്ചുഗല് പരാജയപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം.
2023 ജനുവരിയിലാണ് പോര്ച്ചുഗലിന്റെ മാനേജര്സ്ഥാനം ഏറ്റെടുത്തത്. സ്പാനിഷുകാരനായ മാര്ട്ടിനെസിന്റെ കീഴില് പോര്ച്ചുഗല് 45 മത്സരങ്ങള് കളിച്ചു. 30 ജയവും ഒമ്പത് സമനിലയും ആറ് തോല്വിയുമാണ് പ്രകടനം.
Sports
പോർച്ചുഗൽ ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, തങ്ങളുടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പതനം. ലോകകപ്പിൽനിന്നു പുറത്തായെങ്കിലും കാൽപ്പന്തുകളിയുടെ മാന്ത്രികൻ, അന്താരാഷ്ട്ര ഫുട്ബോളിൽ പോർച്ചുഗലിന്റെ യശസ് ഉയർത്തി എന്നതിൽ ആ രാജ്യത്തിന് എന്നും അഭിമാനിക്കാം.
ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറപിൽ സ്പെയിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ വികാരഭരിതനായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ആരാധകരുടെ പ്രിയപ്പെട്ട സിആർ 7 പ്രതികരിച്ചത്. തന്റെ അവസാന ലോകകപ്പ് മത്സരത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ, അന്താരാഷ്ട്ര കരിയറിനെക്കുറിച്ചും ടീമിന്റെ ഭൂതകാലത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു. തനിക്കു മുൻപ് പോർച്ചുഗൽ ഒരു കിരീടം പോലും നേടിയിരുന്നില്ലെന്ന് റൊണാൾഡോ പറഞ്ഞു.
പോർച്ചുഗലിനായി താൻ മൂന്നു കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ടെന്നും താൻ വരുന്നതിന് മുൻപ് രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടില്ലെന്നും റൊണാൾഡോ ചൂണ്ടിക്കാണിച്ചു. താൻ രാജ്യത്തിനായി നേടിക്കൊടുത്ത മൂന്നു കിരീടങ്ങളിൽ 2016-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും രണ്ട് യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടുന്നു. തനിക്ക് ലോകകപ്പ് കിരീടത്തോളം തന്നെ തുല്യപ്രാധാന്യമുള്ളതാണ് 2016-ൽ നേടിയ യൂറോ കപ്പെന്നും 41-കാരനായ താരം കൂട്ടിച്ചേർത്തു.
ലോകകപ്പിൽനിന്ന് ഇത്തരമൊരു തോൽവിയോടെ മടങ്ങേണ്ടിവന്നതിൽ വലിയ വിഷമമുണ്ട്. കളിക്കളത്തിൽ താൻ പരമാവധി പൊരുതി. ഇതെന്റെ അവസാന ലോകകപ്പ് മത്സരമായിരുന്നു. എന്നാൽ കളി നിർത്തുന്നതിനെക്കുറിച്ച് പെട്ടെന്നു തീരുമാനമെടുക്കാൻ താനില്ലെന്നും കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷം മാത്രമായിരിക്കും ഭാവി കാര്യങ്ങൾ തീരുമാനിക്കുകയെന്നും റൊണാൾഡോ പറഞ്ഞു.
പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഒരു ഗോളിനാണ് പോർച്ചുഗലിനെതിരേ സ്പെയിൻ വിജയം നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ മിഖേൽ മെറീനോ നേടിയ ഗോളാണ് പോർച്ചുഗലിന്റെ ലോകകപ്പ് മോഹങ്ങളും റൊണാൾഡോയുടെ കരിയറിലെ അവസാന ലോകകപ്പ് സ്വപ്നങ്ങളും തകർത്തത്.
Sports
ഡാളസ്: ഒരു യുഗത്തിന്റെ അവസാനമാണോ ഇത്? ലോകകപ്പ് വേദിയിൽ നിന്ന് പോർച്ചുഗൽ കണ്ണീരോടെ മടങ്ങുമ്പോൾ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ നെഞ്ച് തകരുന്നത് തങ്ങളുടെ പ്രിയപ്പെട്ട സിആർ സെവന്റെ മുഖം കണ്ടിട്ടാണ്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച്, നാല്പതുകളിലും രാജ്യത്തിന്റെ എല്ലാ പ്രതീക്ഷകളും പേറുന്ന കാലുകളുമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് പോരാട്ടത്തിനിറങ്ങിയത്.
അദ്ദേഹത്തിന്റെ കളിമിടുക്കിൽ മാത്രമല്ല, തോറ്റുകൊടുക്കാൻ മനസില്ലാത്ത ആ പോരാട്ടവീര്യത്തിലുമാണ് ലോകമെങ്ങുമുള്ള സിആർ7 ആരാധകരും പ്രതീക്ഷ വച്ചത്. പ്രായത്തിന്റെ വെല്ലുവിളികളും അമിത പ്രതീക്ഷകളുടെ സമ്മർദ്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന് ഈ ലോകകപ്പ്.
തന്റെ 41-ാം വയസിലും കരിയറിലെ ആറാം ലോകകപ്പ് കളിക്കുക എന്ന അത്യപൂർവ നേട്ടത്തോടെയാണ് റൊണാൾഡോ ഈ ടൂർണമെന്റിൽ എത്തിയത്. ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു താരത്തിനും സ്വപ്നം കാണാൻ കഴിയാത്ത കായികക്ഷമതയാണ് അദ്ദേഹം ഈ പ്രായത്തിലും നിലനിർത്തിയത്. മൈതാനത്തെ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് നൽകിയ മാനസികമായ ആത്മവിശ്വാസം ചെറുതല്ലായിരുന്നു.
എന്നാൽ, പ്രായത്തിന്റേതായ സ്വാഭാവിക വേഗതക്കുറവ് ഈ ലോകകപ്പിൽ റൊണാൾഡോയുടെ കളിയിൽ പ്രകടമായിരുന്നു. മുൻകാലങ്ങളിലെപ്പോലെ കിട്ടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന് ഈ ലോകകപ്പിൽ ചില പിഴവുകൾ സംഭവിച്ചു. എതിരാളികളുടെ ശക്തമായ ഡിഫെൻഡിംഗും മാർക്കിംഗും റൊണാൾഡോയെ സമ്മർദ്ദത്തിലാക്കി. മിഡ്ഫീൽഡിൽ നിന്ന് കൃത്യമായ അസിസ്റ്റുകൾ ലഭിക്കാതെ പോയത് അദ്ദേഹത്തിന്റെ ഗോൾ വേട്ടയെ ബാധിച്ചു.
ഒരു വ്യക്തിഗത പ്രകടനം എന്ന നിലയിൽ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് ആയിരുന്നില്ല ഇത്. എങ്കിലും അദ്ദേഹം തന്റെ ടീമിനെ മുന്നിൽ നിന്നു നയിച്ചു. പോർച്ചുഗൽ ഫുട്ബോളിന് അദ്ദേഹം നൽകിയ നിശ്ചയദാർഢ്യത്തിന്റെ ഊർജം ഈ ടൂർണമെന്റിലും ദൃശ്യമായിരുന്നു.
എന്നാൽ, കാലം ഒന്നിനും കാത്തുനിൽക്കില്ല എന്ന പ്രകൃതിനിയമം ഫുട്ബോൾ രാജാവിനും ബാധകമാണെന്ന് ഈ ടൂർണമെന്റ് ഓർമിപ്പിക്കുകയാണ്. തന്റെ കരിയറിന്റെ അവസാന നാളുകളിലും രാജ്യത്തിനായി സർവതും സമർപ്പിക്കാൻ കാണിച്ച ആ മനസ്സിനാണ് ആരാധകർ ഇപ്പോൾ കൈയടിക്കുന്നത്.
പോർച്ചുഗൽ എന്ന ടീമിനെ യൂറോപ്പിന്റെയും ലോകത്തിന്റെയും നെറുകയിലേക്ക് നയിച്ചതിൽ ഈ ഏഴാം നമ്പർ ജേഴ്സിക്കാരന്റെ പങ്ക് വാക്കുകൾക്ക് അപ്പുറത്താണ്. യൂറോ കപ്പ് (2016), നേഷൻസ് ലീഗ് (2019, 2025) കിരീടങ്ങൾ പോർച്ചുഗലിലേക്ക് എത്തിച്ചത് റൊണാൾഡോ എന്ന ക്യാപ്റ്റന്റെ നിശ്ചയദാർഢ്യമാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റിക്കാർഡ് ഇന്നും റോണോയുടെ പേരിൽ ഭദ്രമാണ്.
വായുവിൽ ഉയർന്നുചാടി ഡിഫെൻഡർമാരെ നിഷ്പ്രഭരാക്കി ഗോൾവലയിലേക്ക് പന്ത് ചെത്തിയിടുന്ന കരുത്തൻ ഹെഡ്ഡറുകൾ, വായുവിൽ കരണം മറിഞ്ഞുള്ള ബൈസിക്കിൾ കിക്കുകൾ, ബോക്സിന് പുറത്തുനിന്നുള്ള വെടിയുണ്ട പോലുള്ള ലോംഗ് റേഞ്ച് ഷോട്ടുകൾ... വർഷങ്ങളായി നമ്മെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ 'സിഗ്നേച്ചർ' ശൈലികൾ.
ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിവച്ചാണ് ക്രിസ്റ്റ്യാനോ മടങ്ങുന്നത്. എങ്കിലും, കളിക്കളത്തിൽ അദ്ദേഹം ഒഴുക്കിയ ഓരോ തുള്ളി വിയർപ്പും, നേടിയ ഓരോ ഗോളും ഫുട്ബോൾ ചരിത്രത്തിന്റെ സുവർണ താളുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മൈതാനത്ത് നിന്ന് കണ്ണീരോടെ മടങ്ങുന്ന റൊണാൾഡോ, തോറ്റത് ഒരു മത്സരത്തിൽ മാത്രമാണ്; കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ അദ്ദേഹം ഒരിക്കലും തോല്ക്കില്ല.
നന്ദി ക്രിസ്റ്റ്യാനോ! വീണുപോകുന്നിടത്തുനിന്ന് എങ്ങനെ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കണം എന്ന് ലോകത്തിന് കാണിച്ചുതന്നതിന്, അസാധ്യമായതിനെ സാധ്യമാക്കാൻ പഠിപ്പിച്ചതിന്, ഞങ്ങൾക്ക് സമ്മാനിച്ച ആവേശം നിറഞ്ഞ നിമിഷങ്ങൾക്ക്...
കണ്ണീരോടെയല്ല, കൈയടിയോടെയാണ് ഞങ്ങൾ നിങ്ങളെ യാത്രയാക്കുന്നത്. ഫുട്ബോൾ ഉള്ളിടത്തോളം കാലം ഈ ഏഴാം നമ്പർ ജേഴ്സിക്ക് പകരക്കാരനില്ല.
Sports
ഡാളസ്: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഫുട്ബോൾ ഇതിഹാസം ലോകകപ്പ് കിരീടമില്ലാതെ മടങ്ങുന്നു. റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് നടന്ന പ്രീക്വാർട്ടറിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങി.
കളത്തിലിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ വലകുലുക്കിയ മിക്കെൽ മെറീനോയുടെ ഗോളിലാണ് സ്പെയിൻ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്റെ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെയായിരുന്നു മെറീനോയുടെ ഗോൾ.
പെട്ടെന്ന് എടുത്ത ഒരു ഫ്രീകിക്കാണ് സ്പെയിനിന്റെ വിജയഗോളിലേക്ക് വഴിവെട്ടിയത്. ഫെറാൻ ടോറസ് നീട്ടി നൽകിയ പന്ത് മെറീനോ വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും സ്പെയിനിനായി.
ലോകകപ്പ് ഉയർത്താനുള്ള റൊണാൾഡോയുടെ അവസാന അവസരത്തിനും അതോടെ അവസാനമായി. 41-കാരനായ താരത്തിന് ഇനിയൊരു ലോകകപ്പിന് സാധ്യയുണ്ടാകില്ല.
Sports
ടെക്സസ്: ഫിഫ 2026 ലോകകപ്പില് ഇന്നു ഗ്ലാമര് പ്രീക്വാര്ട്ടര്. പോര്ച്ചുഗലിന്റെ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്ഡോയും സ്പെയിനിന്റെ കൗമാര സൂപ്പര് സ്റ്റാര് ലാമിന് യമാലും നേര്ക്കുനേര് ഇറങ്ങുന്നു.
ഇന്ത്യന് സമയം ചൊവ്വ പുലര്ച്ചെ 12.30നാണ് പോര്ച്ചുഗല് x സ്പെയിന് മഹാപോരാട്ടം.
റൗണ്ട് ഓഫ് 32ല് ക്രൊയേഷ്യയെ തോല്പ്പിച്ചാണ് (2-1) പോര്ച്ചുഗല് പ്രീക്വാര്ട്ടറില് പ്രവേശിച്ചത്. ഓസ്ട്രിയയെ കീഴടക്കി (3-0) സ്പെയിനും അവസാന 16ലേക്കു കുതിച്ചെത്തി.
2018 ഗ്രൂപ്പ് ഘട്ടത്തിലാണ് ഇരുടീമും ഫിഫ ലോകകപ്പ് വേദിയില് അവസാനമായി നേര്ക്കുനേര് ഏറ്റുമുട്ടിയത്. അന്ന് റൊണാള്ഡോയുടെ ഹാട്രിക്കിലൂടെ പോര്ച്ചുഗല് 3-3ന്റെ സമനില നേടി.
Sports
സമനില പ്രതിസന്ധി തരണം ചെയ്ത് ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ പോര്ച്ചുഗല് ടീം വിജയ തീരത്ത്. ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് കെയില് ഏകപക്ഷീയ മത്സരത്തില് പോര്ച്ചുഗല് 5-0ന് ഉസ്ബക്കിസ്ഥാനെ തകര്ത്തു. സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ വകയായിരുന്നു രണ്ട് ഗോള്. രണ്ട് ക്ലിനിക്കല് ഫിനിഷിംഗിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാള്ഡോ വലകുലുക്കിയത് എന്നതാണ് ശ്രദ്ധേയം.
ജൊവാവൊ കാന്സെലോ വലതുവശത്തുനിന്നു നല്കിയ പാസില് കോപ്പി ബുക്ക് ശൈലിയിലായിരുന്നു റൊണാള്ഡോയുടെ ഫിനിഷിംഗ്. 39-ാം മിനിറ്റിലായിരുന്നു സിആര്7ന്റെ ഏറ്റവും മനോഹര ഗോള്. ബ്രൂണൊ ഫെര്ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ഗോള് പിറന്നത്. എന്നാല്, 17-ാം മിനിറ്റില് ലെഫ്റ്റ് ബാക്ക് താരം നൂനൊ മെന്ഡസ് നേടിയ ഫ്രീകിക്ക് ഗോളാണ് പോര്ച്ചുഗലിന്റെ ടീം ഗോളെന്ന ബഹുമതിക്ക് അര്ഹം.
ബോക്സിനുള്ളില്വച്ച് പോര്ച്ചുഗലിനു ഫ്രീകിക്ക്. കിക്ക് എടുക്കാനായി പന്തിന്റെ ഇരുസൈഡിലുമായി തയാറായത് ക്രിസ്റ്റ്യാനോ റൊണാള്ഡോയും മെന്ഡസും. റൊണാള്ഡോ ഫ്രീകിക്ക് എടുക്കുമെന്ന കണക്കുകൂട്ടലില് ഉസ്ബക്കിസ്ഥാന് ഡിഫെന്സ് വാള് തീര്ത്തു. എന്നാല്, കിക്കെടുത്തത് മെന്ഡസ്. മെന്ഡസിന്റെ ഷോട്ട് കൃത്യമായി വലയില്. ടീം പ്ലാനിംഗിന്റെ വിജയം.
രണ്ടാം പകുതിയില് ഒരു സെല്ഫ് ഗോള് കൂടിയായതോടെ ഉസ്ബക്കിസ്ഥാന് 4-0നു പിന്നില്. 87-ാം മിനിറ്റില് റാഫേല് ലിയാവോയുടെ പവര്ഫുള് ഷോട്ട് വലയില്. 41-ാം വയസിന്റെ പ്രശ്നങ്ങള് റൊണാള്ഡോയുടെ കളിയില് വ്യക്തം. പഴയ സ്പീഡും റിഫ്ളക്സസും ഇപ്പോള് ഇല്ല. സ്വാഭാവികം മാത്രം. മത്സരത്തില് റൊണാള്ഡോയ്ക്ക് ചുരുങ്ങിയത് രണ്ട് ഗോള്കൂടി നേടാമായിരുന്നു. എന്നാല്, സാധിച്ചില്ല.
റൗണ്ട് ഓഫ് 32 പോര്ച്ചുഗല് ഉറപ്പാക്കിയെന്നു പറയാറായിട്ടില്ലെന്നതും ശ്രദ്ധേയം. രണ്ടു മത്സരങ്ങളില്നിന്ന് നാല് പോയിന്റാണ് പോര്ച്ചുഗലിന്. ആറ് പോയിന്റുള്ള കൊളംബിയയാണ് ഗ്രൂപ്പിന്റെ തലപ്പത്ത്. കൊളംബിയയ്ക്ക് എതിരേയാണ് പോര്ച്ചുഗലിന്റെ അവസാന മത്സരം. കൊളംബിയയ്ക്ക് എതിരേ ജയിച്ചാല് പോര്ച്ചുഗലിനു ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല് പ്രവേശിക്കാം. പോര്ച്ചുഗലിനൊപ്പം രണ്ടാം സ്ഥാനക്കാരായി കൊളംബിയയും നോക്കൗട്ടിലെത്തും.
സമനിലയാണെങ്കില് കൊളംബിയ ഒന്നാമതും പോര്ച്ചുഗല് രണ്ടാമതുമായി നോക്കൗട്ട് ഉറപ്പിക്കും. അതേസമയം, പോര്ച്ചുഗല് പരാജയപ്പെട്ടാല് കാര്യങ്ങള് കുഴയും. അത്തരമൊരു സാഹചര്യത്തില് കോംഗോ വന്മാര്ജിനില് ഉസ്ബക്കിസ്ഥാനെ കീഴടക്കിയാല് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. മികച്ച മൂന്നാം സ്ഥാനക്കാരില് ഉള്പ്പെട്ടുമാത്രമേ പിന്നീട് പോര്ച്ചുഗലിനു റൗണ്ട് ഓഫ് 32ല് പ്രവേശിക്കാന് സാധിക്കൂ.
Viral
ഫിഫ ലോകകപ്പ് പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗൽ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ കോഴിക്കോട്ടെ തെരുവുകളിൽ വൻ ആഘോഷവുമായി ഫുട്ബോൾ ആരാധകർ.
ചൊവ്വാഴ്ച രാത്രി നടന്ന ആവേശകരമായ മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഉസ്ബെക്കിസ്ഥാനെ തകർക്കുകയായിരുന്നു. കളി കാണാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളോടെ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ആരാധകരെ തെരുവുകളിലേക്ക് ആവേശത്തോടെ ഇറക്കിയത്. വലിയ സ്ക്രീനുകൾക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകർ പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ഈ വിജയം ആഘോഷമാക്കിയത്.
പോർച്ചുഗൽ പതാകകളേന്തിയും റൊണാൾഡോയുടെ ജേഴ്സിയണിഞ്ഞും ആരാധകർ നടത്തിയ ബൈക്ക് റാലികളുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
ആദ്യ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് പോർച്ചുഗൽ അപ്രതീക്ഷിത സമനില വഴങ്ങിയതിന് പിന്നാലെ റൊണാൾഡോയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
അർജന്റീനയുടെ ആദ്യ മത്സരത്തിൽ ലയണൽ മെസി ഹാട്രിക് നേടിയതോടെ റൊണാൾഡോയ്ക്ക് മേലുള്ള സമ്മർദ്ദം ഇരട്ടിച്ചിരുന്നു. എന്നാൽ ഉസ്ബെക്കിസ്ഥാനെതിരെയുള്ള മത്സരത്തിലൂടെ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.
ഈ മത്സരത്തിലെ രണ്ട് ഗോളുകളോടെ ആറ് വ്യത്യസ്ത ഫിഫ ലോകകപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരം എന്ന റെക്കോർഡും റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചു. ക്രിക്കറ്റിനേക്കാൾ ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന കേരളത്തിൽ ഈ ഉജ്ജ്വല തിരിച്ചുവരവ് ആരാധകർ വലിയൊരു ഉത്സവമായാണ് കൊണ്ടാടുന്നത്.
സോഷ്യൽ മീഡിയയിലും റൊണാൾഡോയുടെ ഈ വേട്ടയെയും കേരളത്തിലെ ആരാധകരുടെ ആവേശത്തെയും പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞുകഴിഞ്ഞു. വരും മത്സരങ്ങളിലും തങ്ങളുടെ പ്രിയ താരം ഇതേ ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് മലയാളി ഫുട്ബോൾ പ്രേമികൾ.
Sports
ഹൂസ്റ്റൺ: ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് ഗ്രൂപ്പിലെ ആദ്യ ജയം സ്വന്തമാക്കി പോർച്ചുഗൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിലാണ് പോർച്ചുഗലിന്റെ വിജയം. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയതുകൊണ്ട് ഗ്രൂപ്പ് ചാമ്പ്യാന്മാരെ നിർണയിക്കുന്നതിൽ പ്രാധാന്യമുള്ള ഈ മത്സരത്തിൽ ജയിക്കേണ്ടത് പോർച്ചുഗലിന് അനിവാര്യമായിരുന്നു.
തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റിക്കാർഡ് കൂടിയാണ് റൊണാൾഡോ ഈ മത്സരത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ആറാം മിനിറ്റിലും 39-ാം മിനിറ്റിലുമായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ.
17-ാം മിനിറ്റിൽ നുനോ മെൻഡസ് മനോഹരമായൊരു ഫ്രീകിക്കിലൂടെ പോർച്ചുഗലിന്റെ ലീഡുയർത്തി. പകരക്കാരനായിറങ്ങിയ റാഫേൽ ലിയാവോയും പോർച്ചുഗലിനായി ഗോളുകൾ നേടി. ഡിഫൻഡർ അബ്ദുകൊദ്രർ ഖുഷാനോവിന്റെ വകയായിരുന്നു സെൽഫ് ഗോൾ. തുടർച്ചയായ രണ്ടാം തോൽവിയോടെ ഉസ്ബക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തായി.
Sports
ഹൂസ്റ്റണ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ ആദ്യറൗണ്ട് പോരാട്ടത്തിന് അവസാനം. ഗ്രൂപ്പ് കെയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന്റെ തിളക്കമില്ലാത്ത പോരാട്ടം ഇന്നലെ കണ്ടു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരേ രാത്രി 10.30ന് വിസിൽ മുഴങ്ങി ആറ് മിനിറ്റ് പിന്നിടവേ പോർച്ചുഗൽ ആരവം അളവറ്റു. ജാവോ നേവ്സ് കോംഗോയുടെ വല കുലുക്കി.
45+5 മിനിറ്റിൽ വിസയിലൂടെ കോംഗോ സമനില പിടിച്ചു. രണ്ടാം പകുതിയിൽ റെണോൾഡോയും സംഘവും കിണഞ്ഞുശ്രമിച്ചെങ്കിലും കോംഗോ വല കുലുക്കാൻ സാധിച്ചില്ല.
പോർച്ചുഗൽ നായകനും സംഘവും നിരാശയോടെ അവസാന വിസിൽ മുഴക്കം കേട്ടു. രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം.
Sports
ടെക്സസ്: 2022 ഫിഫ ലോകകപ്പില് ട്രെന്ഡിംഗ് ആയത് മെസിക്കൊരു കപ്പ് എന്നായിരുന്നെങ്കില്, 2026ല് അതിനു ചെറിയൊരു മാറ്റം; സിആര്7ന് ഒരു ലോകകപ്പ്.
ഫുട്ബോള് ലോകം കണ്ട, ഏറ്റവും അധ്വാനശീലവും അച്ചടക്കവുമുള്ള ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ പോര്ച്ചുഗല് ഇന്നു കളത്തില്. 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെയില് തങ്ങളുടെ ആദ്യമത്സരത്തില് കോംഗോയ്ക്ക് എതിരേയാണ് പോര്ച്ചുഗല് ഇറങ്ങുന്നത്. ഇന്ത്യന് സമയം ഇന്നു രാത്രി 10.30നാണ് കിക്കോഫ്. സിആര്7ന്റെ തുടര്ച്ചയായ ആറാം ഫിഫ ലോകകപ്പ്.
റോബര്ട്ടോ മാര്ട്ടിനെസിന്റെ ശിക്ഷണത്തില് ഇറങ്ങുന്ന പോര്ച്ചുഗല്, 2026 ലോകകപ്പിലെ കിരീടസാധ്യതയിൽ ഹോട്ട് ഫേവറിറ്റ് സീറ്റിലുള്ള ടീമുകളില് ഒന്നാണ്. 2022 ലോകകപ്പില് റൊണാള്ഡോയെ സൈഡ് ബെഞ്ചില് ഇരുത്തിയ കാഴ്ച അദ്ദേഹത്തിന്റെ ആരാധകര്ക്ക് ഇന്നും വേദനാജനകം.
ഖത്തര് ലോകകപ്പിനു പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്ഡോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര് യുണൈറ്റഡിനോട് വിടപറഞ്ഞതും സൗദി പ്രൊലീഗ് ക്ലബ്ബായ അല് നസര് എഫ്സിയില് ചേക്കേറിയതും. അല് നസറില് എത്തിയശേഷം ആദ്യമായി സൂപ്പര് ലീഗ് നേടിയാണ് സിആര്7 ലോകകപ്പ് വേദിയിലെത്തുന്നതെന്നതും ശ്രദ്ധേയം.
രാജ്യാന്തര ഫുട്ബോളില് ഏറ്റവും കൂടുതല് മത്സരം, ഏറ്റവും കൂടുതല് ഗോള്, പ്രഫഷണല് മത്സരങ്ങളില് ഏറ്റവും കൂടുതല് ഗോള് തുടങ്ങിയ റിക്കാര്ഡുകാരനായ റൊണാള്ഡോയ്ക്ക് ഒരു ലോകകപ്പ് നേട്ടം പറയാനില്ലെങ്കില് കാവ്യനീതിയിലെ വിശ്വാസം ഇല്ലാതാകും...
Sports
ഒഹിയൊ/ഫ്ളോറിഡ: ഫിഫ 2026 ലോകകപ്പിനായി വമ്പന് ടീമുകള് ജയത്തോടെ ഓള് സെറ്റ്... സൗഹൃദ മത്സരങ്ങളില് ബ്രസീല്, പോര്ച്ചുഗല്, ഇംഗ്ലണ്ട്, ജര്മനി, ബെര്ജിയം എന്നീ വമ്പന്മാര് ജയം സ്വന്തമാക്കി.
എന്ഡ്രിക്കിലൂടെ ബ്രസീല്
കൗമാരക്കാരന് എന്ഡ്രിക്കിന്റെ ഗോളില് ബ്രസീലിനു ജയം. മുഹമ്മദ് സലയുടെ ഈജിപ്തിനുമേൽ ഒന്നിന് എതിരേ രണ്ട് ഗോളിനാണ് ബ്രസീല് ജയം സ്വന്തമാക്കിയത്. ഹാഫ് ടൈം സബ്സ്റ്റിറ്റ്യൂഷനിലൂടെ കളത്തിലെത്തി ഏഴാം മിനിറ്റിലായിരുന്നു എന്ഡ്രിക്കിന്റെ ഗോള്.
ഒഹിയോയിലെ ക്ലേവ്ലാന്ഡില് നടന്ന മത്സരത്തില് ഏഴാം മിനിറ്റില് കാനറികള് ലീഡ് നേടി. ന്യൂകാസില് യുണൈറ്റഡിന്റെ മധ്യനിരക്കാരനായ ബ്രൂണോ ഗുയിമറാസാണ് ഈജിപ്തിന്റെ വല കുലുക്കിയത്. എന്നാല്, മൂന്നു മിനിറ്റിനുള്ളില് ഈജിപ്ത് ഗോള് മടക്കി. മാര്ക്കീഞ്ഞോസിന്റെ പിഴവില്നിന്നു ലഭിച്ച പന്ത് മുസ്തഫ സീക്കോ വലയിലാക്കുകയായിരുന്നു.
പരിക്കേറ്റ് വിശ്രമത്തിലുള്ള സൂപ്പര് താരം നെയ്മറിന്റെ അഭാവത്തില് ഇറങ്ങിയ ബ്രസീലിന്റെ ആക്രമണങ്ങള്ക്കു ലക്ഷ്യമില്ലായിരുന്നു. വിനീഷ്യസ് ജൂണിയറിനും ഇഗോര് തിയാഗോയ്ക്കും ലക്ഷ്യം നേടാന് സാധിച്ചില്ല. തിയാഗോയ്ക്കു പകരം രണ്ടാം പകുതിയില് എന്ഡ്രിക് കളത്തില്. 52-ാം മിനിറ്റില് റാഫീഞ്ഞയുടെ ക്രോസില് എന്ഡ്രിക്കിന്റെ സൂപ്പര് ഫിനിഷ്. 2-1ന്റെ ജയത്തോടെ ബ്രസീല് കളംവിട്ടു.
കെയ്ന് ഗോളില് ഇംഗ്ലണ്ട്
ന്യൂസിലന്ഡിന് എതിരായ സൗഹൃദ മത്സരത്തില് ഇംഗ്ലണ്ടിനു ജയം. 45-ാം മിനിറ്റില് ക്യാപ്റ്റന് ഹാരി കെയ്ന് നേടിയ ഗോളില് 1-0ന് ആയിരുന്നു ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. ഇതോടെ ഈ സീസണില് രാജ്യത്തിനും ക്ലബ്ബിനുമായി ഹാരി കെയ്ന് നേടിയ ഗോളുകളുടെ എണ്ണം 67 ആയി.
ജര്മനി, ബെല്ജിയം
യൂറോപ്യന് കരുത്തരായ ജര്മനിയും ബെല്ജിയവും സൗഹൃദങ്ങളില് ജയം സ്വന്തമാക്കി. ആതിഥേയരായ അമേരിക്കയെ ഒന്നിന് എതിരേ രണ്ട് ഗോളുകള്ക്ക് ജര്മനി തോല്പ്പിച്ചു. കായ് ഹവേര്ട്ട്സ് (2), ലെറോയ് സനെ (57) എന്നിവരായിരുന്നു ജര്മനിക്കായി ഗോള് നേടിയത്. ആന്റണി റോബിന്സണ് (37) അമേരിക്കയ്ക്കായി ആശ്വാസ ഗോള് നേടി. കെവിന് ഡിബ്രൂയിന് സ്കോര് ചെയ്ത പോരാട്ടത്തില് ബെല്ജിയം 5-0ന് ടുണീഷ്യയെ തകര്ത്തു.
Sports
ലിസ്ബണ്: ക്രിസ്റ്റ്യാനോ റൊണാള്ഡോ പോര്ച്ചുഗല് ദേശീയ ഫുട്ബോള് ടീമിന്റെ അവിഭാജ്യഘടകമാണെന്ന് അടിവരയിട്ട് മുഖ്യപരിശീലകന് റോബര്ട്ടോ മാര്ട്ടിനെസ്. 41കാരനായ റൊണാള്ഡോ നിലവില് കാൽ മസിൽ പരിക്കിനെത്തുടര്ന്ന് വിശ്രമത്തിലാണ്. “ക്രിസ്റ്റ്യാനോ ഞങ്ങളുടെ നായകനാണ്.
തീവ്രമായ തീക്ഷ്ണതയുള്ള റോള് മോഡല്. അദ്ദേഹം 41 വയസുള്ള വെറുമൊരു കളിക്കാരനല്ല. ഓരോദിനവും കളി മെച്ചപ്പെടുത്താന് ആഗ്രഹിക്കുന്ന കളിക്കാരനാണ് അദ്ദേഹം. യുവതാരങ്ങള്ക്ക് ഉത്തേജനമാകുന്ന മാതൃകാ ക്യാപ്റ്റന്’’ - റോബര്ട്ടോ മാര്ട്ടിനെസ് പറഞ്ഞു.
2026 ഫിഫ ലോകകപ്പ് ഫുട്ബോളിലേക്ക് 71 ദിനങ്ങളുടെ അകലം മാത്രമുള്ളപ്പോഴാണ് റൊണാള്ഡോതന്നെയാണ് ടീമിന്റെ നെടുംതൂണെന്നും ക്യാപ്റ്റനെന്നും മാര്ട്ടിനെസ് അടിവരയിട്ടത്.
2022 ലോകകപ്പില് ക്രിസ്റ്റ്യാനോ റൊണാള്ഡോയെ സ്റ്റാര്ട്ടിംഗ് ഇലവനില് ഉള്പ്പെടുത്താതെ ഫെര്ണാണ്ടോ സാന്റോസ് പോര്ച്ചുഗല് ടീമിനെ ഇറക്കിയത് വിവാദമായിരുന്നു. 2022 ലോകകപ്പിനു പിന്നാലെ സാന്റോസിന്റെ സ്ഥാനം തെറിക്കുകയും ചെയ്തു.
പോര്ച്ചുഗല് ദേശീയ ടീമിനായി അവസാനം കളിച്ച 30 മത്സരങ്ങളില്നിന്ന് ക്രിസ്റ്റ്യാനോ റൊണാള്ഡോ 25 ഗോള് സ്വന്തമാക്കി. 2026 ലോകകപ്പിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരങ്ങളില് റൊണാള്ഡോയുടെ അഭാവത്തിലാണ് പോര്ച്ചുഗല് ഇറങ്ങുന്നത്. മെക്സിക്കോയ്ക്ക് എതിരായ കഴിഞ്ഞ സൗഹൃദ മത്സരത്തില് പോര്ച്ചുഗല് ഗോള്രഹിത സമനില വഴങ്ങിയിരുന്നു.
സൗദി പ്രൊ ലീഗില് അല് നസര് എഫ്സിക്കു വേണ്ടി ഫെബ്രുവരി 28നു കളത്തില് ഇറങ്ങിയപ്പോഴാണ് റൊണാള്ഡോയ്ക്കു പരിക്കേറ്റത്. നിലവില് അല് നസറില് റൊണാള്ഡോ തനിയെ പരിശീലനത്തിലാണ്. അടുത്ത ആഴ്ച താരം കളത്തിലെത്തുമെന്നു റോബര്ട്ടോ മാര്ട്ടിനസ് പറഞ്ഞു.
രാജ്യാന്തര ഫുട്ബോളില് ഏറ്റവും കൂടുതല് മത്സരം കളിച്ചതിന്റെയും ഗോള് നേടിയതിന്റെയും റിക്കാര്ഡ് റൊണാള്ഡോയുടെ പേരിലാണ്, 226 മത്സരങ്ങളില്നിന്ന് 143 ഗോള്.
Special News
പോർച്ചുഗൽ യൂറോപ്പിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ രാജ്യമാണ്. ഒരു വശത്ത് അറ്റ്ലാന്റിക് സമുദ്രം. മറ്റൊരു വശത്ത് യൂറോപ്യൻ ഭൂഖണ്ഡം. പോർച്ചുഗലിന്റെ തലസ്ഥാനമാണ് ലിസ്ബൺ.
ചരിത്രത്തിലും കടലുമായി ബന്ധപ്പെട്ട യാത്രകളിലും ലിസ്ബണിനു വലിയ പങ്കുണ്ട്. ഇന്ത്യയുമായി പോർച്ചുഗലിനുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഞാൻ ഇന്നു ലിസ്ബണിൽ ഒരു ഇന്ത്യൻ വിദ്യാർഥിയായി പഠിക്കുകയും ജീവിക്കുകയും ചെയ്യുന്നു.
പക്ഷേ, ഇവിടെ ജീവിക്കുമ്പോൾ ഇന്ത്യ-പോർച്ചുഗൽ ബന്ധം വെറും ചരിത്രപുസ്തകത്തിലെ വിഷയം മാത്രമല്ലെന്നു തിരിച്ചറിയുന്നു.
ദിനചര്യയും നഗരവും
എന്റെ ദിവസങ്ങൾ ക്ലാസ്, ലൈബ്രറി, വായന എന്നിവയോടെയാണ് കടന്നുപോകുന്നത്. പക്ഷേ, ക്ലാസ് കഴിഞ്ഞാൽ ഞാൻ പലപ്പോഴും ലിസ്ബണിലെ തെരുവീഥികളിലൂടെ നടക്കും.
ഈ നഗരം വലിയ കെട്ടിടങ്ങളാൽ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. പകരം പഴയ വീടുകളും കയറ്റമുള്ള റോഡുകളും ചെറിയ കഫേകളും ആളുകളുടെ ശാന്തമായ ജീവിതവുമാണ് എവിടെയും.
ലിസ്ബണിൽ നടക്കുമ്പോൾ ഒറ്റ കാര്യം നാം തിരിച്ചറിയും, ഇവിടെ ആളുകൾക്കു തിരക്കില്ല. ജീവിതം സാധാരണയാണ്.
തെരുവിലെ സംഭാഷണങ്ങൾ
ലിസ്ബണിൽ ആളുകൾ അധികം സംസാരിക്കാറില്ല. പക്ഷേ, സംസാരിച്ചാൽ അതു ലളിതവും. കടയിൽ കയറുമ്പോൾ, കഫേയിൽ ഇരിക്കുമ്പോൾ, ബസിൽ കയറുമ്പോൾ പലരും ചോദിക്കും: Where are you from? ഞാൻ "India'' എന്ന് പറഞ്ഞാൽ അവരുടെ അടുത്ത ചോദ്യം പതിവാണ്: "Goa or Kerala'' ഇത് എനിക്ക് ആദ്യം അൽപ്പം അദ്ഭുതമായിരുന്നു.
പലരും പറയുന്നു: "ഞങ്ങളുടെ കുടുംബത്തിൽനിന്നു ഗോവയിൽ പോയിട്ടുണ്ട്.അതോടൊപ്പം ഇന്ത്യയെക്കുറിച്ചു ഞങ്ങൾ പഠിച്ചിട്ടുണ്ട്.'' ഇത് വെറും ഔപചാരിക സംഭാഷണമല്ല. ഇത് ഒരു പഴയ ബന്ധത്തിന്റെ ഓർമയാണ്.
ഗാമയുടെ തുടക്കം
ലിസ്ബണിലെ ബെലേം പ്രദേശത്തു നടക്കുമ്പോൾ കടലിനഭിമുഖമായി നിൽക്കുന്ന സ്മാരകങ്ങൾ കാണാം. ഇവിടെനിന്നാണ് 1497 ജൂലൈ എട്ടിന് വാസ്കോഡ ഗാമ ലിസ്ബണിൽനിന്ന് ഇന്ത്യയിലേക്കുള്ള കടൽയാത്ര ആരംഭിച്ചത്.
ഏകദേശം പത്തു മാസത്തെ യാത്രയ്ക്കുശേഷം 1498 മേയ് 20ന് അദ്ദേഹം എത്തിയത് കേരളത്തിലെ കോഴിക്കോട് ആയിരുന്നു. ഇത് ഒരു തീയതി മാത്രമല്ല. ഇത് ഇന്ത്യയുടെയും യൂറോപ്പിന്റെയും ബന്ധത്തിൽ വലിയ മാറ്റം കൊണ്ടുവന്ന ഒരു സംഭവമാണ്.
പലപ്പോഴും ചരിത്രം ലളിതമായി പറയാറുണ്ട്, "യൂറോപ്യന്മാർ വന്നപ്പോൾ ഇന്ത്യ തുറന്നു''എന്ന്. പക്ഷേ, സത്യം അങ്ങനെയല്ല. വാസ്കോഡ ഗാമ എത്തുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപേ കോഴിക്കോട് അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായിരുന്നു.
അറബികളും ചൈനക്കാരും മറ്റ് വ്യാപാരികളും ഇവിടെ എത്തിക്കൊണ്ടിരുന്നു. ഇന്ത്യ ലോകത്തെ കണ്ടത് യൂറോപ്യന്മാർ വന്ന ശേഷമല്ല. ഇന്ത്യ അതിനും മുൻപേ ലോകത്തിന്റെ ഭാഗമായിരുന്നു. ഇത് ഒരു പ്രധാന ചരിത്ര സത്യം ആണ്, പലർക്കും അത്ര അറിയാത്തത്.
International
മെഹ്സാന: പോർച്ചുഗലിലേക്കു കുടിയേറാൻ ശ്രമിച്ച ഗുജറാത്ത് ദന്പതികളെയും മൂന്നുവയസുള്ള കുട്ടിയെയും രണ്ടുകോടിരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ലിബിയയിൽ അജ്ഞാതസംഘം ബന്ദിയാക്കി.
ഗുജറാത്തിലെ മെഹ്സാന സ്വദേശി കിസ്മത്സിൻഹ് ചാവ്ഡയെയും ഭാര്യ ഹീനബെന്നിനെയും മകൾ ദേവാൻഷിയെയും സംഘം ബങ്കാസിയിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഗുജറാത്തിലെ ബന്ധുക്കൾക്കു ലബിച്ച വിവരം.
പോർച്ചുഗൽ സ്വദേശിയായ ഏജന്റിന്റെ സഹായത്തോടെയാണ് ചാവ്ഡ കുടുംബം കുടിയേറ്റത്തിന് ശ്രമിച്ചത്. അഹമ്മദാബാദിൽ നിന്ന് കഴിഞ്ഞമാസം 29 ന് ദുബൈയിലെത്തിയ മൂവരും അവിടെനിന്നാണ് ബങ്കാസിയിലെത്തിയത്. ബന്ധുക്കളുടെ അഭ്യർത്ഥനയെത്തുടർന്ന് പ്രശ്നം സംസ്ഥാന-കേന്ദ്ര സർക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.
International
ലിസ്ബൺ: നിർദിഷ്ട തൊഴിൽ പരിഷ്കരണങ്ങൾക്കെതിരേ ആരംഭിച്ച പൊതു പണിമുടക്കിൽ പോർച്ചുഗൽ സ്തംഭിച്ചു. റെയിൽ, വിമാന സർവീസുകൾക്കു പുറമേ വിദ്യാഭ്യാസ, ആശുപത്രി സേവനങ്ങളും തടസപ്പെട്ടു.
നൂറിലധികം തൊഴിൽച്ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തൊഴിലാളി യൂണിയനുകൾ സംയുക്ത പണിമുടക്ക് നടത്തുന്നത്. ഉത്പാദനവും സാന്പത്തികവളർച്ചയും വർധിപ്പിക്കാനാണ് പരിഷ്കരണമെന്ന് സർക്കാർ വാദിക്കുന്നു. എന്നാൽ നിർദേശങ്ങളിൽ പലതും തൊഴിലവകാശം ലംഘിക്കുന്നതായി യൂണിയനുകൾ ആരോപിക്കുന്നു. പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന ബിൽ പാസാകുമെന്നാണ് വിലയിരുത്തൽ.
തലസ്ഥാനമായ ലിസ്ബണിലെ തെരുവുകളിൽ ഇന്നലെ വാഹനങ്ങൾ പരിമിതമായിരുന്നു. ആശുപത്രികൾ തുറന്നെങ്കിലും നഴ്സുമാർ പണിമുടക്കിയതിനാൽ അപ്പോയിന്റ്മെന്റുകളും സർജറികളും നീട്ടിവയ്ക്കേണ്ടിവന്നു.
സർക്കാർ എയർലൈൻസായ ടിഎപിക്ക് മൂന്നിലൊന്നു സർവീസുകൾ നടത്താനേ കഴിഞ്ഞുള്ളൂ.2013നു ശേഷം പോർച്ചുഗലിൽ നടക്കുന്ന ആദ്യ പൊതുപണിമുടക്കാണിത്.
Sports
ലിസ്ബൺ: 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടി പോർച്ചുഗൽ. പോർട്ടോയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർമേനിയയെ ഒന്നിനെതിരെ ഒന്പത് ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തത്.
സസ്പെൻഡ് ചെയ്യപ്പെട്ട ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്. ജയത്തോടെ ഗ്രൂപ്പ് എഫിൽ 13 പോയിന്റുമായി ആയി ഗ്രൂപ്പ് ജേതാക്കൾ ആയി ലോകകപ്പിന് നേരിട്ടുള്ള യോഗ്യത അവർ ഉറപ്പിച്ചു.
പോർച്ചുഗലിന് വേണ്ടി ജാവോ നെവസും ബ്രൂണോ ഫെർണാണ്ടസും ഹാട്രിക്കും റെനാറ്റോ വീഗയും ഗോൺസാലോ റാമോസും ഫ്രാൻസിസ്ക്കോ കോൻസിയാസോയും ഓരോ ഗോൾ വീതവും നേടി. എഡ്വാർഡ് സ്പെർട്സ്യാൻ ആണ് അർമേനിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
ലിസ്ബണ്: അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന സൂചന നല്കി പോര്ച്ചുഗലിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ. ഫുട്ബോള് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്വേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാള്ഡോ ആറാം ലോകകപ്പില് പന്തു തട്ടാനുള്ള ഒരുക്കത്തിലാണ്.
ഇതിനുശേഷം അന്താരാഷ്ട്ര ഫുട്ബോളില് നിന്ന് പടിയിറങ്ങാനുള്ള ആലോചനയിലാണ് പോച്ചുഗീസ് ഇതിഹാസം. കളിക്കളത്തില് നിന്ന് പടിയിറങ്ങിയാല് കുടുംബത്തിനൊപ്പം കൂടുതല് സമയം ചെലവഴിക്കാനാണ് റൊണാള്ഡോയുടെ തീരുമാനം. പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് യുണൈറ്റഡ് ഇത്തവയും കിരീടത്തിലേക്ക് എത്തില്ലെന്നും റൊണാള്ഡോ പറഞ്ഞു.
കഴിഞ്ഞ ദിവസം ലിയോണല് മെസിയുമായി സ്വയം താരതമ്യം ചെയ്തിരുന്നു ക്രിസ്റ്റിയാനോ. മെസിയേക്കാള് മികച്ചവന് താന് തന്നെയാണെന്ന് പിയേഴ്സ് മോര്ഗനുമായുള്ള അഭിമുഖത്തില് ക്രിസ്റ്റിയാനോ അവകാശപ്പെട്ടിരുന്നു.
NRI
ന്യൂഡൽഹി: മാനസികാരോഗ്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് ലോക മാനസികാരോഗ്യ ഫെഡറേഷൻ (ഡബ്ല്യുഎഫ്എംഎച്ച്) ഏർപ്പെടുത്തിയ മാർഗരറ്റ് മീഡ് പുരസ്കാരത്തിന് ഡോ. റോയി കള്ളിവയലിൽ അർഹനായി.
പോർച്ചുഗലിലെ ബാർസലോസിൽ നടന്ന ലോക മെന്റൽ ഹെൽത്ത് കോൺഗ്രസിൽ പ്രസിഡന്റ് സുയോഷി അകിയമ പുരസ്കാരം സമ്മാനിച്ചു.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലും പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും സൈക്യാട്രി വിഭാഗം പ്രഫസറാണ് ഡോ. റോയി.
പാലാ വിളക്കുമാടം കള്ളിവയലിൽ പരേതരായ അഡ്വ. കെ.എ. ഏബ്രഹാമിന്റെയും അമ്മിണിയുടെയും മകനാണ്.